Powered By Blogger

Saturday 22 December 2012

മഞ്ഞിന്റെ  പുലരികളും..
നക്ഷത്രവിളക്കുകളും..
പിന്നെ എന്റെ കുഞ്ഞുമാലാഖയും..

 
മഞ്ഞിന്റെ മറ നീക്കി വരുന്ന പുലരികളും നക്ഷത്രപ്രകാശങ്ങളുമായി വരുന്ന  സന്ധ്യകളും  മാത്രമല്ല ഡിസംബറിനെ എനിക്ക് ഏറെ പ്രിയങ്കരിയാക്കുന്നത് കണ്ണില്‍ നക്ഷത്ര വിളക്കും കൊടുത്ത് ദൈവം എന്നരികിലേക്ക് അവളെപറഞ്ഞു വിട്ടത് ഇതു പോലൊരു ഡിസംബര്‍ മാസത്തിലാണ്.
കൃത്യമായി പറഞ്ഞാല്‍ ഡിസംബര്‍ 9.....

ഒരു തളര്‍ന്ന താമരതണ്ടുപോലെ അവള്‍ എന്നോടു ചേ ര്‍ കിടന്നു. ഇത്രനേരം അനുഭവിച്ച വേദനയും കഷ്ടപ്പാടുകളും മറന്ന്  ഞാന്‍ അവളൂടെ മുഖത്തേക്ക് നോക്കി.കുഞ്ഞികണ്ണ്  ചിമ്മി ചിമ്മി അവള്‍ എന്നേയും......
പുരുഷനെ പറ്റിയോ ഇണയെ പറ്റിയോ ചിന്തിക്കുന്നതിനെത്രയോ നാള്‍ മുന്പു തന്നെ അവള്‍ പുള്ളീയുടുപ്പിട്ട് നക്ഷത്ര കണ്ണുകളുമായി ഒരു സ്വപ്നശലഭമായി എന്റെ മനസാകെ പാറി നടന്നിരുന്നു.

ഞാനെന്റെ സുന്ദരികുട്ടിയുടെ മുഖത്തേക്ക് നോക്കി,എന്റെ ചൂണ്ടുവിരല്‍ അവളുടെ കുഞ്ഞിക്കൈകളില്‍ വച്ചു കൊണ്ട് ശബ്ദമുണ്ടാക്കാതെ ചോദിച്ചു...
"ഇനി  മുതല്‍ എന്നും  അമ്മക്ക്  കൂട്ടായി കൂടെയുണ്ടാകുമോ? "

പെട്ടെന്ന് എന്നെ അതിശയിപ്പിച്ചുകൊണ്ട് ശരിക്കും എന്നെ അതിശയിപ്പിച്ചുകൊണ്ട് എന്റെ വിരലില്‍ അവള്‍ മുറുക്കെ പിടിച്ചു!!!!!!!
അതായിരുന്നു എന്റെ ജീവിതത്തിലേ ഏറ്റവും സുന്ദര നിമിഷം പിന്നെ അല്‍പ്പം മുന്പ് ചെയ്തിരുന്ന ഒരു പ്രവൃത്തിയു ടെ തുടര്‍ച്ചയെന്നപോലെ മൂര്‍ച്ചയുള്ള മോണ എന്റെ നെഞ്ചില്‍ അമര്‍ത്തി കടിച്ചു വലിച്ച് പാല്‍ കുടിച്ചു.! കണ്ണില്‍ നക്ഷത്രമുള്ള  കുട്ടി എന്നര്‍ത്ഥമുള്ള   പേര്‍ ഞാന്‍ അവളുടെ ചെവിയില്‍ മെല്ലെ പറഞ്ഞു.

വാര്‍ഡില്‍ കൊണ്ടുവന്ന് കിടത്തിയപ്പോള്‍ എന്റെ സുന്ദരിക്കുട്ടിയുടെ നീണ്ടവിരല്‍ നോക്കി ലക്ഷ്മിയമ്മ പരഞ്ഞു "കുട്ടി നന്നായി പാചകം ചെയ്യും വിരല്‍ നോക്ക്യേ...!!?!!" ഈ ചെറിയ പ്രായത്തിലേ ക്യാരറ്റ് ഹല്‍വ ഉണ്ടാക്കി മേശപ്പുറത്ത് വച്ചപ്പോള്‍ ആദ്യമായി അവള്‍ കണക്ക്  പരീക്ഷക്ക്  മുഴുവന്‍ മാര്‍ക്ക് വാങ്ങി വന്നതിനേക്ക്ക്കാള്‍ എത്രെയോ സന്തോഷമായിരുന്നെനിക്കെന്നോ !!
അടുക്കളയില്‍ ഒത്തിരി ജോലികളൂടെ നടുവില്‍ നില്‍ക്കുമ്പോഴും “അമ്മ ഒന്നു വന്നേ, അതാ മുറ്റത്തെ പേരമരക്കൊമ്പില്‍ ഒരു കിളി വന്നിരിക്കുന്നു.!!"എന്നു പറഞ്ഞ് എന്നെ വലിച്ചുകൊണ്ടോടുന്ന കൌതുകം..

ഞനൊന്നു പിണങ്ങിയാല്‍  "അമ്മ ഒന്നു ചിരിച്ചേ" എന്നു പറഞ്ഞു എന്റെ മടിയിലേക്ക് കയറി വരുന്ന സ്നേഹം...
ഓഫീസില്‍  പോകാനിറങ്ങുമ്പോള്‍ പടിവാതില്‍ക്കല്‍  "പെട്ടെന്നു വരണേ അമ്മേ.." എന്നു പറയുന്ന സങ്കടനോട്ടം.

രാത്രിയില്‍  "ആരും പറയാത്ത കഥ പറഞ്ഞ് താ...." എന്നു ശാഠ്യം പിടിച്ച്  എന്റെ നെഞ്ചിലേക്ക് മയങ്ങി വീഴുന്ന കൊഞ്ചലുകള്‍..
ശബ്ദപൂക്കളെറിഞ്ഞ് ശൂന്യതയെ അകറ്റി ഞാന്‍ കൂടെയുണ്ടു കൂടെയുണ്ടെന്നു പറഞ്ഞ് കൈകോര്‍ക്കുന്ന വിശ്വാസം ....
ഇതൊക്കെ തന്നെയായിരുന്നു എന്റെ സ്വപ്നങ്ങളും.....

നനുനനുത്ത മഞ്ഞിന്റെ പുലരികളും നക്ഷത്രങ്ങളുടെ പ്രകാശവും  പിന്നെ സന്തോഷം തരുന്ന ഈ ഓര്‍മ്മകളൂം ചേര്‍ന്ന് ഡിസംബറിനെ  പന്ത്രണ്ടു മാസങ്ങളിലെ   ഏറ്റവും  പ്രിയങ്കരിയായ മാസമായി എന്നോടു ചേര്‍ത്തു നിര്‍ത്തുന്നു. .

Saturday 29 September 2012

കണ്ണിനു കണ്ണായ് തന്നെ



എത്ര ദിവസമായെന്നോ നിന്നോട് ഇതു പറയണമെന്ന് വിചാരിക്കുന്നു. ഇന്നലെയും മിനിഞ്ഞാന്നുമൊക്കെ   ഈ വിശേഷങ്ങളും  ചുരുട്ടി പിടിച്ച് ഞാന്‍ പടിവാതില്‍വരെ വന്ന് തിരിച്ചു പോന്നു. ഇവിടെ ഒറ്റക്കിരിക്കുമ്പോള്‍ നിന്നോട് പറയണം നിന്നോട് പറയണമെന്ന് മനസ് പിന്നെയും  മന്ത്രിക്കുമ്പോള്‍ ഞാന്‍ എഴുതി പോവുകയാണ്..അല്ലെങ്കില്‍ തന്നെ പതിഞ്ഞ കാല്‍വയ്പുകളുമായി മെല്ലെ മെല്ലെ നടന്നു വന്ന് ഹൃദയത്തില്‍ ഇടംപിടിച്ച   സ്നേഹത്തെ പറ്റി നിന്നോടെങ്ങനെയാണു പറയാതിരിക്കുന്നത്. സത്യത്തില്‍ എനിക്ക് പൂച്ചകളെ ഇഷ്ടമല്ലായിരുന്നു. അടുപ്പില്‍ കത്താത്ത വിറക്  ഊതിയൂതി  പുകയുന്ന കണ്ണൂമായി മുഖമുയര്‍ത്തുന്ന ആ വൃദ്ധമുഖവും പൂച്ചയുടെ നീണ്ട നിലവിളിയും ചേര്‍ത്ത് ഓര്‍ക്കുമ്പോള്‍ എനിക്ക് പൂച്ചകളെ  വെറൂപ്പുമായിരുന്നു  എന്നു തന്നെ പറയാം എന്നിട്ടും ഇപ്പോള്‍ ഇങ്ങനെയിങ്ങനെ ഈ  മിണ്ടാപ്രാണി എന്റെ ജീവന്റെ ഭാഗമായി.
കൃത്യമായി ഓര്‍മ്മയില്ല......
പപ്പുവിനെ ഞാന്‍  ആദ്യമായി കണ്ടതെന്നാണെന്ന് .  .ഭക്ഷണം കഴിക്കാന്‍ മടി കാണിക്കുന്ന  അമ്മുകുട്ടിയെ കാക്കേപൂച്ചകളെ കാട്ടി നടന്ന ഒരു പ്രഭാതത്തിലെപ്പോഴെങ്കിലും  ആയിരിക്കും.ഒരു നര്‍ത്തകിയെപ്പോലെ  വാലിട്ട് കണ്ണെഴുതിയ സുന്ദരി ആദ്യം  അമ്മുകുട്ടിയുമായിട്ടാണ്‍ ചങ്ങാത്തമായത്. അവള്‍  പിച്ചിയെറിഞ്ഞ  ദോശയും  പൂരിയും  വീടിന്റെ പിന്‍വശത്തേക്ക് വലിച്ചെറിഞ്ഞ  എന്തെങ്കിലുമൊക്കെ  കഴിച്ച് അവള്‍ അവിടെയൊക്കെ പതുങ്ങി നടന്നിരുന്നു.. ആദ്യമൊക്കെ ഞാന്‍ അവളെ ശ്രദ്ധിച്ചിരുന്നില്ലെന്നെല്ല അവഗണിച്ചിരുന്നെന്ന്  തന്നെ പറയാം.കാരണം എനിക്ക് പൂച്ചകളെ ഇഷ്ടമില്ലായിരുന്നല്ലോ പിന്നെ പിന്നെ എനിക്ക് കാണാമായിരുന്നു നാലു മണിക്ക് അടുക്കള ജനാല  തുറക്കുമ്പോള്‍ മതിലില്‍ എന്നെ കാണാവുന്ന  രീതിയില്‍ വന്നിരിക്കും .അമ്മുക്കുട്ടിയുടെ സ്കൂള്‍ബസു വന്നുപോയിക്കഴിഞ്ഞ്  ഞാന്‍ പത്രം വായിക്കാന്‍ ഇരിക്കുമ്പോള്‍ എന്റെ തൊട്ടടുത്ത്  തൊടാതങ്ങനിരിക്കും. ഞാന്‍ ഓഫീസില്‍ പോകാനിറങ്ങുമ്പോള്‍ ഗെയിറ്റില്‍ വന്ന്  എന്റെ കോട്ടണ്‍  സാരിയില്‍ ഒന്ന് ഉരുമ്മിയിട്ട് പോകും വൈകുന്നേരം ഞാന്‍ തിരിച്ച് വരുമ്പോള് എന്റെ ടൂവീലറിന്റെ ശബ്ദം  കേള്‍ക്കുമ്പോള്‍ അയല്‍ വീട് സന്ദര്‍ശനങ്ങള്‍ക്കു പോയിരിക്കുകയാണെങ്കിലും കരിയിലകളെ പറത്തി ഓടി വന്ന് കിതച്ചങ്ങനെ നില്‍ക്കും  പിന്നെ അനിഷേധ്യമായ അധികാരത്തോടേ വീടിനുള്ളില്‍  കയറി വരാന്‍  തുടങ്ങി. തിരക്കൊഴിഞ്ഞ  ഞായറാഴ്ച്ച വൈകുന്നേരങ്ങളില്‍ എല്ലാവരും  ടി.വി യില്‍ സിനിമ കണ്ടിരിക്കുമ്പോള്‍ അവളും ഉണ്ടാകും അതിഥികള്‍ വരുമ്പോള്‍ പതിയെ അവിടെ നിന്ന് വലിയും.എന്നിട്ടടുക്കളയില്‍  ഫ്രിഡ്ജിനും ഭിത്തിക്കും ഇടക്കുള്ള ഇത്തിരി സ്ഥലത്ത് ഒളിച്ചിരുന്ന് എത്തിനോക്കും.
ചിലനേരങ്ങളില്‍ ഭിത്തിയില്‍ ഏറ്റവും മുകളില്‍ ഇരിക്കുന്ന പല്ലിയെ ഒറ്റച്ചാട്ടത്തിന്‍ പിടിച്ച് അമ്മുകുട്ടിയെ അതിശയിപ്പിച്ചും കര്‍ട്ടനില്‍ തൂങ്ങി ഊഞ്ഞാലാടി  കാണിച്ച് കുടുകുടെ ചിരിപ്പിച്ചും   ഒരു മികച്ച ഫുട്ബോളറെ പോലെ  ഹാളിലൂടേ ചെറിയ ബോള്‍ തട്ടി തട്ടി നടന്ന്  സന്തോഷിപ്പിച്ചും  അവളുടെ ഏറ്റവും അടുത്ത കൂട്ടൂകാരിയായ് മാറി.

കിട്ടുന്നതു കൊണ്ട്  തൃപ്തിപ്പെടും. ഒന്നിനും പരാതിയില്ല. സദാസമയവും ദേഹം തുടച്ചു മിനുക്കി കൊണ്ട് സിറ്റൌട്ടില്‍ അങ്ങനെ ഇരിക്കും. ദേഹം മുഴുവനും ചെളിയും മുറിവുകളുമായി  നടക്കുന്ന ഗുണ്ടുവിനെ കണ്ടാല്‍ അവള്‍  തിരിഞ്ഞു   നോക്കാറുപോലുമില്ല. അതു ഞാന്‍ പറഞ്ഞിട്ടൊന്നുമല്ല കേട്ടോ.

സ്കൂള്‍ അവധിക്ക് പതിവു പോലെ അമ്മ നാട്ടില്‍ നിന്നു വന്നു...
"ഈ പൂച്ചയുടെ വയറ്റില്‍  കുഞ്ഞുവാവയുണ്ടല്ലോ”
അമ്മ പറഞ്ഞു. 
അമ്മുകുട്ടി അതു കേട്ട് തുള്ളിച്ചാടി. വയറു വലുതായി വരുന്നതോടെ അവളൂടെ
കളിയും ചാട്ടവും കുറഞ്ഞു കുറഞ്ഞു വന്നു. ഒരു ദിവസം ഞാന്‍ ഓഫീസില്‍  പോകാനിറങ്ങിയപ്പോള്‍  അവള്‍ പതിവില്ലാതെ ദയനീയഭാവത്തില്‍ എന്നെ നോക്കി.ഞാന്‍ ഒരു കടലാസുപെട്ടിയില്‍ കുറച്ചു തുണി വിരിച്ചു കൊടുത്തു. തിരിച്ചു വന്നപ്പോള്‍ അവളുടെ കൂടെ സുന്ദരക്കുട്ടന്‍  പൂച്ചകുട്ടിയുണ്ടായിരുന്നു. നിനക്കറിയാമോ, എത്ര പെട്ടെന്നാണെന്നോ  പക്വമതിയായ  ഒരു അമ്മയുടെ റോളിലേക്ക് അവള്‍ മാറിയതെന്ന്. കുഞ്ഞിനു പാലു കൊടുത്തും നക്കി തുടച്ച് വൃ ത്തിയാക്കിയും ഒരു കൈകൊണ്ട് നെന്ചോടു  ചേര്‍ത്തു കിടത്തിയും ഉമ്മവച്ചും സദാസമയവും കുഞ്ഞിന്റെ കൂടെ തന്നെ. അവള്‍ക്ക് ഏറ്റവും ഇഷ്ടമുള്ള മീനും ചോറും കൊടുത്താല്‍ പോലും  മുഴുവനും കഴിക്കാതെ പകുതിയാക്കി  കുഞ്ഞിന്റെ അടുത്തേക്ക് ഓടി ചെന്ന് വെപ്രാളപ്പെട്ട്   കെട്ടിപ്പിടിച്ച് ഉമ്മവക്കുന്നത് കണ്ടു. ഒരാഴ്ച്ച കഴിഞ്ഞപ്പോള്‍ പൂച്ചകുട്ടി കണ്ണു തുറന്നു. അന്ന് അമ്മുവിനു  ഉത്സവമായിരുന്നു. പിറ്റേന്ന്  പപ്പു കുഞ്ഞിനേയും  കഴുത്തില്‍  കടിച്ചെടുത്ത് വീടിനുള്ളീല്‍ കയറി വന്നു.  കട്ടിലിനടിയിലും അലമാരക്കുള്ളിലുമൊക്കെ കുഞ്ഞിനെ   വയ്ക്കാന്‍ നോക്കി.

നിനക്കറിയാമല്ലോ രാവിലെ എട്ടുമണിക്ക് പൂട്ടിയിറങ്ങി  വൈകുന്നേരം  തിരിച്ചുവരുന്ന ഒരു വീട്ടിനുള്ളില്‍ പൂച്ചകുട്ടിയെ സംരക്ഷിക്കുന്നത് പ്രായോഗികമല്ലെന്ന്.  അന്ന്   രാത്രി നല്ല കാറ്റും മഴയും ആയിരുന്നു.
പിറ്റേന്ന് രാവിലെ  കാര്‍പോര്‍ച്ചില്‍ നിന്ന്  വലിയൊരു ശബ്ദവും പപ്പുവിന്റെ അലര്‍ച്ചയും    കേട്ടു. ഞാന്‍ ഓടിചെന്നപ്പോള്‍  ആ ഗുണ്ടു  പൂച്ച  കുഞ്ഞിനേയും കടിച്ചെടുത്തുകൊണ്ട് ഓടുന്നു.. പപ്പു പുറകേയും അടുക്കള വശത്ത്   എത്തിയപ്പോള്‍  പപ്പു ആ തടിയന്‍ പൂച്ചയുടെ മുഖത്ത് അടിച്ചു..കഴുത്തില്‍ ചോരയൊലിക്കുന്ന മുറിവുമായി കുഞ്ഞു നിലത്ത് വീണു പിടഞ്ഞു.    ഞാന്‍ തളര്‍ന്ന്  അടുക്കള പടിയില്‍ ഇരുന്നു.അവള്‍ വേഗം വേഗം ചോര വരുന്ന മുറിവില്‍ നക്കി..ദേഹം മുഴുവനും ഉമ്മ വച്ചു. ദയനീയമായി കരഞ്ഞു.പിന്നെ പരിഭ്രമത്തോടെ തൊട്ടടുത്ത്  മണ്ണില്‍ കെട്ടി നിന്ന്  മഴ വെള്ളം ആര്‍ത്തിയോടെ കുടിച്ചു.  വീണ്ടും വന്ന് നക്കി.പിന്നവള്‍ക്ക് മനസിലായി അവളുടെ കുഞ്ഞ്മരിച്ചു കഴിഞ്ഞെന്ന്.അവള്‍ അടുക്കളപടിയില്‍ വന്ന്  എന്റെ നേരെ ഒരു നോട്ടം നോക്കി.ഞാന്‍ തകര്‍ന്നു പോയി.ഇതിനു മുന്പൊരിക്കലും ഞാനാരുടെ മുന്പിലും ഇങ്ങനെ കുറ്റവാളിയെ പോലെ നിന്നിട്ടില്ല. അവള്‍ കാര്‍പോര്‍ച്ചിന്റെ മൂലക്ക് പോയി തളര്‍ ന്നു കിടന്നു.ഇന്നലെ രാത്രിയില്‍  പലപ്രാവശ്യം  കുഞ്ഞുമായി എന്റെ മുന്പില്‍ വന്നു യാചിച്ച് നിന്നതും ഓരോ പ്രാവശ്യവും പുറത്താക്കി വാതില്‍ അടച്ചതും ഓര്‍ത്തപ്പോള്‍ എനിക്കു പൊട്ടികരയാനാണു തോന്നിയത്. രണ്ട് ദിവസത്തേക്ക് അവള്‍  എന്റെ മുന്പിലേക്കോ  ഞാന്‍ അവളുടെ അരികിലേക്കോ  പോയില്ല. മൂന്നാം ദിവസം ഞാന്‍ പത്രം വായിച്ചുകൊണ്ടിരിക്കുമ്പോള്‍  അവള്  എന്റരുകില്‍ വന്ന് ദേഹത്ത് ചാരി നിന്നു.. ഇനി ഇങ്ങനെയൊന്നും സംഭവിക്കാന്‍ പോകുന്നില്ല. അവളുടെ ദേഹത്തു തടവികൊണ്ട് ഞാന്‍ പറഞ്ഞു നിനക്കറിയുമോ അവള്‍ എന്നോട്  ക്ഷമിച്ചിരിക്കുന്നു എന്നതില്‍ എനിക്ക് കുറച്ചൊന്നുമല്ല ആശ്വാസം   തോന്നിയത് .

കുറച്ചു മാസങ്ങള്‍ക്കു ശേഷം അവള്‍  വീണ്ടും പ്രസവിച്ചു. വാലില്‍ മത്രം കറുപ്പുള്ള വെളുത്ത സുന്ദരന്‍ പൂച്ചക്കുട്ടി. പലകയും ഷീറ്റുമൊക്കെ ഇട്ട് ഞാന്‍ അവള്‍ക്ക് ഒരു വീട് കെട്ടിക്കൊടുത്തു.  ഓഫീസില്‍ ജോലിത്തിരക്കുകളുടെ നടുവില്‍ ഇരിക്കുമ്പോഴും മതിലിനു വെളിയിലൂടെ ചുറ്റി നടക്കുന്ന  ഗുണ്ടുവിന്റെ മുഖം എന്നെ ഇടക്കിടക്ക് അസ്വസ്ഥപ്പെടുത്തി.  ഒരാഴ്ച കഴിഞ്ഞപ്പോള്‍ കുഞ്ഞിപ്പൂച്ച കണ്ണു തുറന്നു.  പിറ്റേന്ന്  രാവിലെ ഞാന്‍ വേവലാതിയോടേയാണു കാര്‍പോര്‍ച്ചിലേക്ക്   ചെന്നത്. ഞാന്‍  ഞെട്ടിപ്പോയി. അമ്മയും കുഞ്ഞും കിടന്നിടം  ശൂന്യം....ഗുണ്ടു കടിച്ചു കൊന്നതാണോ അതോ സുരക്ഷിതമായ മറ്റെവിടേക്കെങ്കിലും  മാറ്റിയതാണോ. ഞാന്‍ അവിടെയെല്ലാം നോക്കി.. കണ്ടില്ല.പിന്നീട് ഞാന്‍ നനഞ്ഞ തുണികള്‍ വിരിക്കാന്‍ ടെറസിന്റെ   മുകളില്‍   പോയപ്പോള്‍  അവള്‍ ഉപയോഗശൂന്യമായ  സാധനങ്ങള്‍  കൂട്ടിയിട്ടിരിക്കുന്നതിന്റെ നടുവില്‍ ഇരിക്കുന്നതു കണ്ടു. കുഞ്ഞിനെ അവിടെയെങ്ങും കണ്ടില്ല.വൈകുന്നേരം ഉണങ്ങിയ തുണികള്‍ എടുക്കാന്‍ ചെന്നപ്പോഴും അവള്‍ അവിടെ തന്നെ ഇരിക്കുന്നതു കണ്ടു. കുഞ്ഞു മരിച്ചതിന്റെ സങ്കടത്തിലായിരിക്കുമെന്നാണു ഞാന്‍ ആദ്യം വിചാരിച്ചത്.   രണ്ടു ദിവസമായി സ്ഥിരമായി അവിടെ തന്നെ ഇരിക്കുന്നതു കണ്ടപ്പോഴാണു  ഞാന്‍ കൂടുതല്‍ ശ്രദ്ധിച്ചത്. വളരെ വിദഗ്ധമായി  കുഞ്ഞിനെ ഒരു കുഴലില്‍ ഒളിപ്പിച്ചിരിപ്പിക്കുന്നു പൈപ്പിന്റെചുവട്ടിലുള്ള അവളുടെ ഇരിപ്പ് കണ്ടപ്പോള്‍ എനിക്ക് നൊമ്പരം തോന്നി.ഒരുപാടു പ്രാവശ്യം അകത്തേക്ക് കയറി വരാന്‍ പറഞ്ഞിട്ടും കൂട്ടാക്കാതെ എനിക്ക് ആരേയും വിശ്വാസം ഇല്ല എന്ന മട്ടില്‍ അവള്‍ തല തിരിച്ചു കളഞ്ഞു ഓരോ തവണ കുഞ്ഞിനെ ഞാന്‍ അകത്തു കൊണ്ടുവന്നപ്പോഴൊക്കെ  അവള്‍ തിരിച്ച് ആ കുഴലില്‍ തന്നെ  തിരിച്ചു കൊണ്ടൂചെന്നു വച്ചു.എന്റെ കുഞ്ഞിനെ വളര്‍ത്താന്‍ എനിക്കറിയാം,ആരുടേയും സഹായം വേണ്ട എന്ന മട്ടിലായിരുന്നു അവളുടെ പിന്നീടുള്ള രീതികള്‍. രാവെന്നും പകലെന്നും ഇല്ലാതെ  മഴയെന്നും വെയിലെന്നും ഇല്ലാതെ സദാസമയവും കുഴലി നകത്തുള്ള കുഞ്ഞിനു കാവലിരുന്നു.  അവള്‍ വിളിക്കുമ്പോള്‍ മാത്രം പുറത്തേക്ക് ഇറങ്ങി വരും.പാല്‍ കൊടുത്തിട്ട് തുരുതുരെ ദേഹം മുഴുവനും  ഉമ്മ വയ്ക്കും. തിക്കുംപൊക്കും  നോക്കിയിട്ട്  ധൃതിപിടിച്ച്  കുഞ്ഞിനെ അകത്തേക്ക്  വയ്ക്കും കുഞ്ഞുറങ്ങുന്ന സമയങ്ങളില്‍ തല ഒന്നു കൂടി  ഉയര്‍ത്തിപിടിച്ച് ചുറ്റിനടന്ന്  പരിസരം ആകെ വീക്ഷിക്കും.മറ്റേതെങ്കിലും ജീവികളെ കണ്ടാല്‍ ഈറ്റപ്പുലിയെ പോലെ ചീറ്റികൊണ്ടുചെല്ലും,ചെറിയ ഒരു ശബ്ദം കേട്ടാല്‍  ഉടന്‍ കുഴലിനുള്ളില്‍്‌ ഒളിക്കാന്‍ കുഞ്ഞിനേയും പഠിപ്പിച്ചു. കുഞ്ഞിനെ കൂടയില്‍ ഉപേക്ഷിച്ചു  പെരുവഴിയില്‍ ഉപേക്ഷിച്ചു.എന്നൊക്കെ  പത്രവാര്‍ത്തകള്‍ വായിക്കുമ്പോള്‍  അവളൂടെ കുഴലിനടുത്തുള്ള കൂട്ടിരിപ്പ് ഞാന്‍ ഓര്‍ക്കും രാവിലേയും വൈകുന്നേരവും   ഞാന്‍ ഓഫീസില്‍ പോകുമ്പോഴും വരുമ്പോഴും അവള്‍ ഗെയിറ്റിന്റെ അടുത്ത് വരും,പിന്നെ ഭക്ഷണം കഴിക്കാനും മാത്രം.കഴിഞ്ഞ മൂന്നു മാസമായി  അവളുടെ രീതികള്‍ ഇങ്ങനെയാണ്. ഞാന്‍ കൊടുക്കുന്ന മീന്‍ കഷണങ്ങള്‍ അവള്‍   കഴിക്കാതെ കടിച്ചെടുത്ത്  ടെറസിലേക്ക് ചാഞ്ഞു കിടക്കുന്ന മുരിങ്ങ മരത്തിലൂടെ കയറി  കുഞ്ഞിനു  കൊണ്ടുചെന്നു കൊടുക്കുക,  ഒരു കുഞ്ഞെലിയെ പോലും പിടിച്ചു  കണ്ടില്ലാത്ത അവള്‍  ചെറിയ എലികുഞ്ഞുങ്ങളെ പിടിച്ച് കൊടുത്ത് ഭക്ഷണം കഴിക്കാന്‍ പരിശീലിപ്പിക്കുക ഇതൊക്കെയാണു ഈ ആഴ്ച്ചത്തെ വാര്‍ത്തകള്‍ .
 
ചുറ്റിനും കേള്‍ക്കുന്ന  കാര്യങ്ങള്‍ അത്ര  സുഖകരമല്ല എന്നു നീയും പറയാറുണ്ടല്ലോ. പത്രവാര്‍ത്തകള്‍ പലപ്പോഴും എന്നേയും ഭീതിയിലും  സങ്കടത്തിലും ആഴ്ത്തുന്നു.എതിര്‍പാര്‍ട്ടിയുടെ  ആശയങ്ങളെയോ അഭിപ്രായങ്ങളേയോ ഉള്‍ക്കൊള്ളാനാവാതെ വ്യക്തികളെ തന്നെ ഉന്മൂലനം ചെയ്യുന്ന രാഷ്ട്രീയ വൈരികള്‍,ചാക്കില്‍ കെട്ടിയും കൂടയില്‍ ആക്കിയും പെരുവഴിയില്‍  കുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്ന അമ്മമാര്‍,സ്വന്തം കുഞ്ഞുങ്ങളെ പോലും   കുളത്തിലേക്കും  കായലിലേക്കുമൊക്കെ  വലിച്ചെറിഞ്ഞ് കൊല്ലാന്‍ മടിക്കാത്ത  അച്ചന്‍മാര്‍,മനോരോഗികളെയും നിഷ്കരുണം തല്ലികൊല്ലുന്ന മുഴുഭ്രാന്തന്മാര്‍,പിഞ്ചുകുഞ്ഞുങ്ങളെപ്പോലും പീഡിപ്പിച്ച് കൊല്ലുന്ന  കാമവെറിയന്‍മാര്‍ ഇവ രുടെയൊക്കെ മധ്യത്തില്‍  നില്‍ക്കുമ്പോള്‍ പോലും.സ്നേഹത്തിലും ക്ഷമയിലുമൊക്കെയുള്ള വിശ്വാസം നഷ്ടപ്പെടാതിരിക്കാനായിരിക്കും ദൈവം ഇതുപോലുള്ള കാഴ്ച്ചകള്‍ എന്റെ കണ്‍മുന്നില്‍  വക്കുന്നത്.

Tuesday 21 August 2012

ഓണക്കാഴ്ച്ച



രാവിലെ ഓഫീസില്‍ പോകാനുള്ള തിരക്കില്‍ ആയിരുന്നു.പെട്ടെന്നാണു ജനലിനപ്പുറത്തെ വിസ്മയക്കാഴ്ച്ച!!!ഗെയിറ്റു തുറന്ന് അടുത്തെത്തി നോക്കി....ഞാന്‍ ചോദിച്ചു....
" നഗര ഹൃദയത്തിലും എന്നെ കാണാനായി ഒറ്റക്ക് വന്നു വിരിഞ്ഞതാണല്ലേ???"
പണ്ട് ഓണക്കാലത്ത് പൂക്ക്‌ള്‍ ശേഖരിക്കാനായി പോകുമ്പോള്‍ എനിക്ക് ഏറ്റവും ഇഷ്ടം കദളി പൂക്കള്‍ ആയിരുന്നു.ഭാര്‍ഗവിയമ്മയുടേ വീടിന്റെ തെക്കുവശത്തെ തോടരികില്‍ നില്‍ക്കുന്ന കദളിക്കാടുകള്‍. ഓണക്കാലം ആകുമ്പോള്‍ നിറയെ പൂക്കും. കഴിഞ്ഞപ്രാവശ്യം ഓണത്തിനു നാട്ടില്‍ പോയപ്പോള്‍ ഞാന്‍ അവീടെല്ലാം ചുറ്റി നടന്നു.
ശൂന്യം..................
ഒരു കദളിചെടിപോലും കാണനില്ല.തെക്കു വശത്തെ ഇളം തിണ്ണയില്‍ അല്പ്പനേരം ഇരു ന്നു എത്രയെത്ര പുരാണ കഥകളാണു എനിക്ക് ഇവിടിരുന്ന് പറഞ്ഞു തന്നിട്ടുള്ളത്!!....
പിന്നില്‍ നിന്നു കാല്‍ പെരുമാറ്റം കേള്‍ക്കുന്നതു പോലെ തോന്നി....
"വന്നുടന്‍ നേത്രോല്പലമാലയുമിട്ടാള്‍,മുന്നേ,
പിന്നാലെ വരണാര്‍ത്ഥമാലുമിട്ടീടിനാള്‍"
പിന്നെ കഥകള്‍ തുടങ്ങുകയായി....
ഭാര്‍ഗവിയമ്മ മരിച്ചിട്ട് ഇപ്പോള്‍ രണ്ടു വര്‍ഷമായി........
ഒന്നും  മറന്നിട്ടില്ല!!...
നീ മൂളി തന്ന ഈണങ്ങളും ഓര്‍മ്മയുണ്ട്....
"ഒരു നുള്ളു കാക്കപ്പൂ കടം തരുമോ..
ഒരു കൂന തുമ്പപ്പൂ പകരം തരാം"
ഇപ്രാവശ്യം ഓണനിലാവിനും ഓണവെയിലിനും കൂടുതല്‍ പ്രകാശം ഉള്ളതു പോലെ .നിന്റെ സ്നേഹംപകര്‍ന്നു നല്‍കുന്ന സന്തോഷം എത്ര വലുതാണ്.
ഞാന്‍ പൂവിട്ടു നില്‍ക്കുന ഓര്‍മ്മകളൂടെ കവിളില്‍ ഒന്നു കൂടി തലോടി .
എല്ലാവര്‍ക്കും എന്റെ ഓണാശംസകള്‍!!!!!!!!!!!!!!!


Wednesday 29 February 2012

എന്റെ വായന


പരന്ന വായന അവകാശപ്പെടാനില്ല.ഒരുപാടു പുസ്തകങ്ങള്‍ വയിച്ചു വളര്ന്ന കുട്ടിക്കാലം എന്നും പറയാനുമാവില്ല. എന്നാലും എനിക്കറിയാം ഓര്മ്മവച്ച കാലം മുതല്‍ പാട്ടുകളേയും കഥകളേയും വല്ലാതെ സ്നേഹിച്ചിരുന്നു.
ബാലരമ കൊണ്ടുവരുന്ന ദിവാകരന്ചേട്ടനെ വേലിക്കല്‍ കാത്തു നിന്നത്...
അച്ഛന്‍ മടിയിലിരുത്തി വീണപൂവിന്റെ അര്ത്ഥം പറഞ്ഞു തന്നത്.....
മാമ്പഴം വായിച്ച് കരഞ്ഞ് മൂക്കും ചീറ്റി നടന്നത്.....
പട്ടാളത്തില്‍ നിന്ന് വര്ഷത്തില്‍ ഒരിക്കല്‍ വരുന്ന അമ്മാവന്‍ വേതാളത്തിന്റെ കഥകള്‍ പറഞ്ഞു തന്നത്......

മലയാള ഉപപാഠപുസ്തകത്തില്‍ ജീന്‍വാല്‍ജീനിന്റെ കഥയുടെ ഒരുഭാഗം മാത്രം വായിച്ച് ബാക്കി അന്വേഷിച്ച് കിട്ടാതെ സങ്കടപ്പെട്ടു നടന്നത്........
എല്ലാം എനിക്ക് ഇന്നലത്തെ പോലെ ഓര്‍മ്മയുണ്ട്. ഞാന്‍ പഠിച്ച സ്കൂളിലൊന്നും ലൈബ്രറിയില്ലയിരുന്നു ഗ്രാമത്തില്‍.ആകെ ഒരു വായനശാലയായിരുന്നു ഉണ്ടായിരുന്നത്.ഇളങ്കാവ് അമ്പലം ജങ്ഷനില്‍ 'വിദ്യാഭിവര്ധിനി വായനശാല'. അവിടെ പെണ്‍കുട്ടികള്‍ ആരും പോയിരുന്നില്ല.

വായനയുടെ കാര്യം പറയുമ്പോള്‍ എനിക്ക് ആ കൊച്ചു മുറിയുടെ
കാര്യം പറയാതെ വയ്യ. പുഴയിലേക്ക് ജനാല തുറക്കുന്ന ഭിത്തിയുടെ രണ്ടു വശത്തും തട്ടുകളില്‍ നിറയെ പുസ്തകങ്ങള്‍ അടുക്കി വച്ചിരിക്കുന്ന ആ മുറി.
ശ്രീദേവിയുടെ ചേട്ടന്‍ ഉണ്ണിചേട്ടന്റേതായിരുന്നു ആ മുറി..പല നല്ല പുസ്തകങ്ങളും ഞാന്‍ വായിച്ചത് ആ മുറിയില്‍ നിന്നാണ്. മുറിയുടെ ജനാല തുറക്കുന്നത് പുഴയുടെ ജലക്കാഴ്ചയിലേക്കാണ്. പുഴയുടെ തീരത്തു കൂടിയുള്ള ചെമ്മണ്‍പാത ചെന്നവസാനിക്കുന്നത് അമ്പലം ജങ്ഷനിലേക്കും..


എന്തോ പറഞ്ഞു നീങ്ങുന്ന ഗ്രാമീണര്‍............
ഇലക്കുമ്പിളില്‍ പൂക്കളുമായി അമ്പലത്തിലേക്ക് പോകുന്ന പെണ്‍കുട്ടികള്‍................‍

വേഗത്തില്‍ സൈക്കിള്‍ ചവിട്ടി നീങ്ങുന്ന ബാല്യത്തിന്റെ കുസൃതികള്‍..........
ഇന്നും വിസ്മരിക്കാനാകുന്നില്ല ആ സായാഹ്ന കാഴ്ച്ചകള്‍.

ശ്രീദേവിയുടെ ചേട്ടന്‍ വല്ലപ്പോഴും മാത്രമേ വീട്ടില്‍ വന്നിരുന്നുള്ളൂ.അയാള്‍ ഒരു പൊതു പ്രവര്‍ത്തകനായിരുന്നു. ദൂരെ എവിടെയോ നിരക്ഷരരെ അക്ഷരം അഭ്യസിപ്പിക്കുക,ആദിവാസികള്‍ക്കിടയില്‍ ആരോഗ്യപ്രവര്‍ത്തനം നടത്തുക, ഇതിലൊക്കെ ആയിരുന്നു അയാളുടെ ശ്രദ്ധ.തോളില്‍ ഒരു തോള്‍സന്ചിയൊക്കെ തൂക്കി പുഴത്തീരത്തു കൂടി അതിലും ശാന്തനായി അയാള്‍ നടന്നു വരുന്നത് എനിക്ക് ഇപ്പോഴും ഓര്‍മ്മയുണ്ട്.
പക്ഷേ ഞങ്ങള്‍ ഗ്രാമവാസികളില്‍ ആരോടും തന്നെ അയാള്‍ സംസാരിച്ചിരുന്നില്ല.ആരുടെയെങ്കിലും വിവാഹത്തിനോ മരണവീട്ടിലോ ഒന്നും ഞാന്‍ അയാളെ കണ്ടിട്ടില്ല,.

മഹാകവി പറഞ്ഞതു പോലെ തൊട്ടടുത്തു നില്‍ക്കുന്ന മനുഷ്യരെ അറിയാത്തവര്‍ക്ക് എന്ത് വിദൂരലക്ഷ്യങ്ങള്‍ എന്ന് ചില നേരങ്ങളില്‍ ഞാന്‍ ഓര്‍ത്തു പോയിട്ടുണ്ട്.

എങ്കിലും ഈ നിധികളുടെയൊക്കെ ഉടമയോട് എനിക്ക് മനസ് നിറയെ സ്നേഹബഹുമാനങ്ങളായിരുന്നു .ഞാന്‍ ആരാധിച്ചിരുന്ന പല എഴുത്തുകാരുടേയും കൃതികള്‍ complementary copyയായി അദ്ദേഹത്തിന്റെ മുറിയില്‍ ഇരിക്കുന്നത് ഞാന്‍ അസൂയയോടെ നോക്കിയിരുന്നിട്ടുണ്ട്.

വിക്റ്റര്‍ ലീനസിന്റെ കഥകള്‍ വായിച്ച് വിസ്മയിച്ചിരുന്നത് ആ മുറിയില്‍ വച്ചാണ്.
മറിയമ്മയുടെ മുനമ്പ് എന്ന കഥ അടങ്ങിയ 'അന്തര്‍ജനം മുതല്‍ അഷിത വരെ " എന്ന കഥാ സമാഹാരം വായിച്ചതും ആ മുറിയില്‍ നിന്നാണ്.ഇടശേരിയുടെ പൂതപ്പാട്ട് ആദ്യമായി ഈണത്തില്‍ കേട്ടതും അവിടെ നിന്ന് തന്നെ. ആത്മഹത്യ ചെയ്ത യുവകവി സനില്‍ദാസ് ഐ.സി യുടെ കൊച്ചു കവിത സമാഹാരം 'ഘടികാരം' വായിച്ച് സങ്കടപ്പെട്ടത് എനിക്കോര്‍മ്മയുണ്ട്. പക്ഷേ ‍ സ്കൂള്‍കുട്ടി ആയിരുന്ന സമയത്ത് വായിച്ച കവിത കള്‍ എനിക്ക് പൂര്‍ണ്ണമായും ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല.

പക്ഷേ ഈ വരികള്‍ ഓര്‍മ്മയുണ്ട്.
"നഷ്ട്ടപെട്ടുവെന്ന് നമ്മള്‍ വിചാരിക്കുന്നതൊന്നും യഥാര്‍ത്ഥത്തില്‍ നഷ്ട്പ്പെടുന്നില്ല. അവ വേറൊരു ഭാവത്തില്‍ വേറൊരു രൂപത്തില്‍ തിരിച്ചു വരും"
പക്ഷേ മറ്റൊരിടത്തും സനില്‍ ദാസിനെ പറ്റിയോ സനില്‍ ദാസിന്റെ കവിതകളെ പറ്റിയോ ആരും ചര്‍ച്ച ചെയ്ത് കേട്ടിട്ടില്ല. പ്രതീക്ഷയുടെ വരികള്‍ എഴുതിയ കവി എന്തിനാണ്‍ സ്വയം ജീവിതം അവസാനിപ്പിച്ചതെന്ന് ഞാന്‍ എന്നോട് തന്നെ പലപ്പോഴും ചോദിച്ചിട്ടുണ്ട്.
ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന യുവ കഥാകൃ ത്തുക്കളുടെ പല കഥകളും എനിക്ക് മനസിലാകാത്തപ്പോള്‍ ഏതു കൂരിരുട്ടിലും കനല്‍ ചൂടിലും കൂടെയുണ്ടാകുമെന്ന് വിചാരിച്ച പ്രിയപ്പെട്ട ഒന്ന്.... അതും കൈവിട്ടു പോകുന്നതു പോലെയൊരു തോന്നല്‍............ ഉത്തരാധുനിക കഥകളുടെ രചനാരസതന്ത്രം അറിയില്ല.ദുരൂഹമായ കഥകള്‍ സാധാരണ ജനങ്ങളെ സാഹിത്യത്തില്‍ നിന്ന് അകറ്റുമോ? അതോ വായനയെ ഗൌരവമായി കാണാതെ വിനോദത്തിനു മാത്രമായി സമീപിക്കുന്നതു കൊണ്ടാണോ ?

ഈ വര്‍ഷമാണു ഞാന്‍ മലയാളം ബി.എ ക്ക് പഠിക്കാന്‍ ചേര്‍ന്നത്. (പണ്ട് സയന്‍സില്‍ ബിരുദമെടുത്തിരുന്നെങ്കിലും ഇപ്പോള്‍ അങ്ങനെയൊരു മോഹം.)contact classല്‍ അവര്‍ നമ്മള്‍ പണ്ടേ വായിച്ചിരിക്കേണ്ട പല പുസ്തകങ്ങളെ പറ്റിയും പരാമര്‍ശിക്കാറുണ്ട്..അങ്ങനെ കുറച്ച് നല്ല പുസ്തകങ്ങള്‍ വായിക്കാനിടയായി.
എന്തൊക്കെ പറഞ്ഞാലും ഒന്നെനിക്കറിയാം ഇപ്പോഴുംഇന്നലെ
പാതി വായിച്ച് നിര്‍ത്തിയ ഒരു പ്രിയപുസ്തകം തന്നെയാണ് പ്രഭാതത്തില്‍ എന്നെ ഉന്മേഷത്തോടെ വിളിച്ചുണര്‍ത്തുന്നത്!!!!!!!!!!!!!